Tuesday, August 13, 2013

ദൈവ വചനം എട്ടാം അധ്യായം

എട്ടാം അദ്ധ്യായം അക്ഷരബ്രഹ്മയോഗം നശിക്കാത്ത സത്തയെപ്പറ്റിയുള്ള അദ്ധ്യായം
അ‍ര്‍ജുന‍ന്‍ ചോദിച്ചു
ബ്രഹ്മം എന്നാലെന്താണ്, അദ്ധ്യാത്മം എന്നാലെന്താണ്,ക‍ര്‍മ്മം എന്നാലെന്താണ്
അധിഭൂതം എന്നാലെന്താണ്, അധി ദൈവം എന്നാലെന്താണ്
അധി യജ്ഞം എന്നാലെന്താണ്
മരണകാലത്ത് സ്വന്തം നിലയെപ്പറ്റി എങ്ങനെ മനസ്സിലാക്കാം
ശ്രീ ഭഗവാ‍‍‍ന്‍ പറഞ്ഞു
ഒരിക്കലും മാറ്റമോ നാശമോ ഇല്ലാത്തതിനെ ബ്രഹ്മം എന്നു പറയുന്നു.
ശരീരത്തോട് ഇണങ്ങിയിരിക്കുന്ന ബ്രഹ്മത്തിന്റെ സത്തയെ ആത്മാവ് എന്ന് പറയുന്നു
ജീവികളുണ്ടാവുന്നതിനും നശിക്കുന്നതിനും കാരണമായ പലതരം മാറ്റം വരുത്തുന്ന പ്രക്രിയയെ ക‍ര്‍മ്മം അല്ലെങ്കി‍ല്‍ പ്രവൃത്തി എന്നു പറയുന്നു
മാറിക്കൊണ്ടിരിക്കുന്നതും നശിച്ചുപോകുന്നതുമായ ദേഹം മുതലായവയെ അധി ഭൂതം എന്നു പറയുന്നു.
സൂര്യനിലൂടെ ഊ‍ര്ജ്ജപ്രസാരണം നടത്തി ദേഹങ്ങളെ നിലനി‍ര്‍ത്തുന്ന ശക്തിയെ പുരുഷ‍നെന്നും അധിദൈവംഎന്നം വിളിക്കുന്നു.
ഈ ശരീരങ്ങളി‍ല്‍ മാറ്റം വരുത്തന്ന യജ്ഞം എന്ന പ്രക്രിയ ഞാ‍ന്‍ തന്നെയാണ്.
ആരാണോ ശരീരീവസ്ഥയുടെ അവസാനകാലത്ത് ശരീരത്തിനുള്ളിലിരുന്നു കൊണ്ട് എല്ലാം നിയന്ത്രിക്കുന്ന എന്നെ ഓ‍ര്‍ക്കുന്നത് അവ‍ന്‍ എന്നിലേക്കാണ് വരുന്നത്. അതിന് സംശയമില്ല.
അവസാനകാലത്ത് (മരണസമയത്ത്) ‍ആ‍ര്‍ എത് കാര്യം അല്ല വിഷയം അല്ല രൂപം ചിന്തിച്ചുകൊണ്ട് മരിക്കുന്നുവോ അവ‍ര്‍ ആ വിഷയവുമായോ രൂപവുമായോ ചേ‍ര്‍ക്കപ്പെടുന്നു.
അതിനാ‍ല്‍ എല്ലായ്പ്പോഴും നിന്‍റെ സ്വന്തം തൊഴിലും ഉത്തരവാദപ്പെട്ട ജോലികളും ചെയ്യുമ്പോ‍ള്‍ എന്നെ ഓ‍ര്‍ക്കുക. എന്നി‍ല്‍ നല്ലപോലെ ഉറപ്പിച്ച് വെയ്ക്കപ്പെട്ട ബുദ്ധിയോടും മനസ്സോടും കൂടിയവനായ നീ എന്നിലേക്കുത്തന്നെ വന്നുചേരും അതി‍ല്‍ സംശയിക്കണ്ട.
(ദേവാലയ ക്ഷേത്രങ്ങളി‍ല്‍ പോകുക, ബിംബത്തി‍ല്‍ ഭഗവാനെ വിളിച്ച് പൂജിക്കുക, ഹോമങ്ങ‍ള്‍, യാഗങ്ങ‍ള്‍ തുടങ്ങിയവ ചെയ്യുക, പ്രാണായാമം, ഹഠയോഗം, ഉപവാസ വ്രതങ്ങ‍ള്‍, മന്ത്രം ജപിക്കുക, സ്തോത്രങ്ങ‍ള്‍ വായിക്കുക, പുരാണം വായിക്കുക എന്നിങ്ങനെ) പലതരം പ്രാ‍ര്‍ത്ഥനയുടെ വഴികളിലൂടെ മറ്റെവിടെയും അലയാത്ത ജീവ തേജസ്സുമായി പ്രകാശരൂപിയായ പരമാത്മാവിനെ പ്ര‍ര്‍ത്ഥിക്കുന്നവ‍ന്‍ തീ‍ര്‍ച്ചയായും ദൈവത്തെ പ്രാപിക്കന്നു.
ആ ദൈവം - ഈ പ്രപഞ്ചത്തിന്‍റെ കഥ എഴുതുന്ന കവിയും, പണ്ടേ ഉള്ളവനും, എല്ലാത്തിനേയും ഭരിക്കുന്നവനും, ഏറ്റവും ചെറിയ വസ്തുവിലും ചെറിയവനും സൂര്യനെ പ്പോലുള്ള നിറമുള്ളവനും, എല്ലാത്തിനേയും ധരിക്കുന്നവനും, അറിവില്ലായ്മയാകുന്ന ഇരുട്ടിനെ മറികടന്നവനുമാണ്.
ഈ ശരീരം വിട്ട് പോകുന്ന നേരത്ത് മു‍‍ന്‍പറഞ്ഞ പ്രാ‍ര്‍ത്ഥനകളുടെ (ദേവാലയ ക്ഷേത്രങ്ങളി‍ല്‍ പോകുക, ബിംബത്തി‍ല്‍ ഭഗവാനെ വിളിച്ച് പൂജിക്കുക, ഹോമങ്ങ‍ള്‍, യാഗങ്ങ‍ള്‍ തുടങ്ങിയവ ചെയ്യുക, പ്രാണായാമം, ഹഠയോഗം, ഉപവാസ വ്രതങ്ങ‍ള്‍, മന്ത്രം ജപിക്കുക, സ്തോത്രങ്ങ‍ള്‍ വായിക്കുക, പുരാണം വായിക്കുക ദാനം ചെയ്യുക എന്നിങ്ങനെ) ഫലമായി ഇളകാത്ത മനസ്സോടുകൂടി, ഭക്തിയുള്ളവനായി, പുരികങ്ങളുടെ നടുവിലുള്ള ആജ്ഞാ ചക്രത്തി‍ല്‍ ജീവ‍ന്‍റെ ധാരയെ നിലനി‍ര്‍ത്തി മരിക്കുന്നവ‍ന്‍ ആ എറ്റവും വലുതായ പരമമായ, ദിവ്യമായ പുരുഷനെ ദൈവത്തെ പ്രാപിക്കുന്നു. (ദൈവത്തിലെത്തിച്ചേരുന്നു.)
വേദ പുസ്തകത്തെ അറിയുന്നവ‍ര്‍ ഒരിക്കലും നാശമില്ലാത്തതെന്ന് പറയന്നതും, എല്ലാം വിട്ടൊഴിഞ്ഞവര് പോകുന്നതും, യാതൊന്നിനെ അടയാനായി ആദ്ധ്യാത്മിക വിദ്യാഭ്യാസം നേടുന്നു ആ സ്ഥാനത്തെ ക്കുറിച്ച് നിനക്ക് ഞാ‍ന്‍ പറഞ്ഞു തരാം.
12. കണ്ണ്, കാത്, വായ, ലിംഗം അഥവാ യോനി, ഗുദം ഇങ്ങനെയുള്ള ശരീരവും ബാഹ്യലോകവുമായി ബന്ധിപ്പിക്കാനുള്ള വഴികളെ നന്നായി നിയന്ത്രിച്ച്,മനസ്സിനെ ഹൃദയപ്രദേശത്ത് കേന്ദ്രീകരിച്ച്, സ്വന്തം ജീവ‍ന്‍റെ ഒഴുക്കായ പ്രാണനെ തലയുടെ നടുവിലാക്കി , ദൈവവുമായുള്ള ബന്ധമായ യോഗം ഉണ്ടാക്കിയെടുക്കണം
13. ബ്രഹ്മത്തി‍ന്‍റെ പേരായ ഓം എന്ന അക്ഷരം ഉച്ചരിച്ചുകൊണ്ട് (എന്നെ) ദൈവത്തെ ത്തന്നെ വിചാരിക്കണം. ഇങ്ങനെ ദൈവവുമായുള്ള ബന്ധം പരിശീലിക്കുന്നവ‍ന്‍ കാലക്രമേണ നല്ല സ്ഥിതിയെ കൈവരിക്കുന്നു.
14.വേറെ വിഷയങ്ങളി‍ല്‍ ത‍ന്‍റെ പ്രധാനമായ താത്പര്യത്തെ വള‍ര്‍ത്താതെ , ആരാണോ എന്നി‍ല്‍ ശ്രദ്ധയെ നിലനി‍ര്‍ത്തുന്നത്, എന്നും ഒരേ അളവി‍ല്‍ പ്രയത്നിക്കുന്ന അവ‍ന് ഞാ‍ന്‍ വളരെ എളുപ്പം ലഭിക്കുന്നവനാണ്. (ഇതിന്നായിട്ടാണ്, ക്ഷേത്രത്തില് പോകേണ്ടതും, വ്രതങ്ങ‍ള്‍, ഉപവാസം, ഉത്സവങ്ങ‍ള്‍, ദാനങ്ങളെന്നിവ നടത്തേണ്ടതും, മന്ത്രങ്ങ‍ള്‍ ജപിക്കേണ്ടതും, നല്ല ഗുരുക്കന്മാരെ തേടി അവരുമായി സത്സംഗം ചെയ്യേണ്ടതും, പുരാണാദി പുസ്തകങ്ങ‍ള്‍ വായിക്കേണ്ടതും ആവശ്യമാവുന്നത്)
15. മാറിക്കൊണ്ടിരിക്കുന്നതും, ദുഃഖങ്ങ‍ള്‍ നിറഞ്ഞതുമായ വീണ്ടുമുള്ള ജീവിതങ്ങ‍ള്‍ , ഇത്തരത്തിലുള്ള പ്രയത്നം ചെയ്യുന്ന നല്ലവ‍ര്‍ എന്നിലെത്തുന്നതിലൂടെ വീണ്ടും ഒരിക്കലും അനുഭവിക്കുന്നില്ല.
16.വളരെ അറിവുള്ളവരുടെ സമുഹമാകുന്ന ബ്രഹ്മഭുവനം എന്ന ലോകം വരെ എല്ലാം വീണ്ടും വീണ്ടും ആവ‍ര്‍ത്തിക്കുന്നതാണ്. എന്നാ‍ല്‍ എന്നെ അടയുന്നവ‍ര്‍ പിന്നെ ജീവിത ചക്രത്തി‍ല്‍ വരുന്നില്ല.
17.ജ്യോതിഷത്തി‍ന്‍റെയും, ദിനരാത്രങ്ങളുടെ കാലം കണക്കാക്കുന്നതിന്‍റെയും ഉയ‍ര്‍ന്ന കണക്കുകൂട്ടലുകളറിയുന്നവ‍ര്‍  പറയുന്നു സൃഷ്ടിയുടെ പിന്നിലെ ദൈവീകശക്തിയായ ബ്രഹ്മാവി‍ന്‍റെ ജീവിതകാലം എത്രയോ യുഗങ്ങ‍ള്‍ അടങ്ങുന്നതാണ്. എത്രയോ ആയിരം യുഗങ്ങ‍ള്‍ ചേര്ന്നതാണ് ബ്രഹ്മാവി‍ന്‍റെ ഓരോ രാത്രിയും പകലും.
18. ദൈവത്തി‍ന്‍റെ ഭാഗമായ അവ്യക്താവസ്ഥയി‍ല്‍ നിന്ന് വ്യക്താവസ്ഥയിലേക്ക് കാലങ്ങളെടുത്തുകൊണ്ട് ബ്രഹ്മാവി‍ന്‍റെ രാത്രി കഴിഞ്ഞ് പകലാവുമ്പോ‍ള്‍ ഇക്കാണുന്നതിന്‍റെ അടിസ്ഥാന ഭുതങ്ങളായ കാറ്റ്, മണ്ണ് തുടങ്ങിയവ തെളിഞ്ഞു വരുന്നു.
19. ആ അഞ്ച് ഭൂതങ്ങളുടെ പലതരം കൂട്ടമാണ് ഈ കാണുന്നതെല്ലാം. ഇവ വീണ്ടും വീണ്ടും കലരുകയും വേ‍ര്‍പിരിയുകയും ചെയ്തുകൊണ്ട് ജീവിതം ഉണ്ടാക്കുകയും നശിക്കുകയും ചെയ്യുന്നു. ബ്രഹ്മാവി‍ന്‍റെ പക‍ല്‍ പലതായി വേ‍ര്‍പിരിയുകയും ചേരുകയും ചെയ്യുന്ന ഭൂതങ്ങ‍ള്‍ രാത്രിയാവുമ്പോ‍ള്‍ വീണ്ടും അവ്യക്തമെന്ന അവസ്ഥയിലേക്ക് തിരിച്ചുപോകുന്നു.
20.യാതൊരു ബ്രഹ്മം (ദൈവം) ഈ അവ്യക്തത്തിനും കാരണമായിരിക്കുന്നുവോ നമ്മുടെ കണ്ണ് മുതലായവയാ‍ല്‍ നേരിട്ട് അനുഭവിക്കാ‍ന്‍ കഴിയാതിരിക്കുന്നുവോ‍, അത് ഇത്തരം മാറ്റങ്ങളിലൊന്നും നശിക്കുന്നില്ല.
21. വേദങ്ങളി‍ല്‍ മനുഷ്യന്റെ അന്തിമമായ ലക്ഷ്യം പറയപ്പെട്ടിരിക്കുന്നു. അത് കണ്ണ് മുതലായ അവയവങ്ങ‍ള്‍ക്ക് മുഴുവനായി അറിയാ‍ന്‍ സാധിക്കാത്തതിനാ‍ല്‍ അവ്യക്തമെന്നും , അത് ഒരിക്കലും നശിക്കാത്തതെന്നും ആണ് വിവരിച്ചിരിക്കുന്നത്. അത് എ‍ന്‍റെ സ്വരൂപം തന്നെയാണ്. അതിനെ അണഞ്ഞുഴിഞ്ഞാ‍ല്‍ പിന്നെ ഈ പ്രപഞ്ച ജീവിതത്തിലേക്ക് ഒരു മടക്കയാത്രയില്ല.
22.അ‍ര്‍ജുനാ, എല്ലാ ജീവജാലങ്ങളും, മണ്ണ്, കാറ്റ് വെള്ളം, സ്ഥലം, പ്രകാശം തുടങ്ങിയ അവയുടെ അടിസ്ഥാന തത്വങ്ങളും (പുരുഷനിലാണ്) ദൈവത്തിനുള്ളിലാണ് ഉള്ളത്. മാത്രമല്ല ആ ദൈവമാകട്ടെ ഈ പറഞ്ഞ എല്ലാത്തിലും വ്യാപിച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ദൈവത്തെ തീവ്രമായതും മറ്റുള്ള സകലതിനെയും ഒഴിവാക്കിയുമുള്ള ഭക്തിയാ‍ല്‍ ത്തന്നെ സാക്ഷാത്കരിക്കാ‍ന്‍ സാധിക്കും.
23. ഈ പ്രപഞ്ചത്തി‍ല്‍ നിന്നുള്ള മോചനത്തിനായി ശ്രമിച്ചവ‍ര്‍, യോഗിക‍ള്‍, ശരീരം കൈവെടിഞ്ഞതേതു സമയത്താണെന്നും അതിലേത് സമയത്ത് പോയവ‍ര്‍ തിരിച്ചുവരാരില്ല എന്നും , ഏതേതു സമയത്ത് ശരീരം വെടിഞ്ഞ് പോകുന്നവ‍ര്‍ തിരിച്ചു വരാരുണ്ട് എന്നും പറഞ്ഞു തരാം.
24. തീയുള്ള സമയം, പ്രകാശമുള്ള സമയം, തേജസ്സുള്ള സമയം, പകലാകുന്ന സമയം, ചന്ദ്ര‍ന്‍റെ കറുത്ത വാവിനു ശേഷമുള്ള പതിനഞ്ചു ദിവസങ്ങളായ വെളുത്തപക്ഷം, സൂര്യ‍ന്‍റെ വടക്കുഭാഗത്തുകൂടെയുള്ള സഞ്ചാരകാലമായ (മകരമാസം മുത‍ല്‍ മിഥുന മാസം വരെയുള്ള) ആറുമാസക്കാലമായ ഉത്തരായണകാലം എന്നീ കാലങ്ങളി‍ല്‍ പോകുന്ന ബ്രഹ്മത്തെ അറിഞ്ഞിട്ടുള്ള മനുഷ്യ‍ര്‍ ബ്രഹ്മത്തിലേക്ക് (ദൈവത്തിലേക്ക്) എത്തിച്ചേരുന്നു.
25. പുകയുള്ള സമയം, രാത്രി സമയം, കറുത്ത പക്ഷം പതിനഞ്ചു ദിവസങ്ങ‍ള്‍, അതേ പോലെ ആറുമാസക്കാലമുള്ള സൂര്യ‍ന്‍റെ ആകാശത്തിലെ തെക്കുവഴിക്കുള്ള ചലന സമയം ഇവയി‍ല്‍ ശരീരം വെടിയുന്ന മോചനത്തിനായി ശ്രമിച്ചിരുന്നവ‍ര്‍ ചന്ദ്ര പ്രകാശമുള്ള സ്വ‍ര്‍ഗ്ഗലോകം അടഞ്ഞിട്ട്, ഈ ലോകത്തിലേക്ക് തിരിച്ചുവരുന്നു.
26.   എപ്പോഴും നിലനി‍ല്‍ക്കുന്ന ഈ രണ്ടു വഴികളായ വെളുത്ത വഴിയും, കറുത്ത വഴിയും, അറിവ് നിറഞ്ഞവ‍ര്‍ക്ക് മോചനത്തിനായും, മോചനത്തിനായുള്ള പരിശ്രമം ഇനിയും അവശേഷിക്കുന്നവ‍ര്‍ക്ക് അതിനുള്ള അവസരമായുമുള്ളതാണ്.
27. ഇപ്പറഞ്ഞ വഴികളെ ക്കുറിച്ചും അതിലൂടെ മോചനത്തിനായി ലഭിച്ചിട്ടുള്ള അവസരത്തെക്കുറിച്ചും അറിഞ്ഞ് മോചനം ആഗ്രഹിക്കുന്ന ഒരുവനും സുഖ മനുഭവിക്കാവുന്ന സ്വ‍ര്‍ഗ്ഗം ശാശ്വതമാണെന്ന് തെറ്റായി ചിന്തിക്കുകയില്ല. ‍ അതിനാ‍ല്‍ അ‍ര്‍ജുനാ, എല്ലാ സമയവും മോചനത്തിനായുള്ള, ദൈവവുമായി അടുക്കാനുള്ള പരിശ്രമങ്ങ‍ള്‍ വിടാതെ നടത്തുക. ( ദൈവത്തി‍ന്‍റെ ഏതെങ്കിലും രൂപത്തെ ഓ‍ര്‍ക്കുക, ദൈവത്തി‍ന്‍റെ മന്ത്രങ്ങളെ തുട‍ര്‍ച്ചയായി ദിവസവും ചൊല്ലുക, പുരാണാദി സദ് ഗ്രന്ഥങ്ങ‍ള്‍ വായിക്കുക, കേ‍ള്‍ക്കുക, ക്ഷേത്രങ്ങളി‍ല്‍ ചെന്ന് നമസ്കരിക്കുക, ദാനങ്ങ‍ള്‍ നടത്തുക, വ്രത‍ങ്ങ‍ള്‍ അനുഷ്ഠിക്കുക എന്നിങ്ങനെയുള്ള പരിശ്രമങ്ങ‍ള്‍ നടത്തുക)
- ഇങ്ങനെ എട്ടാം അദ്ധ്യായം അവസാനിച്ചു - 

No comments:

Post a Comment