Tuesday, August 13, 2013

ദൈവ വചനം മൂന്നാം അധ്യായം

-പ്രവൃത്തിയിലൂടെ മോചനം അഥവാ കര്‍മ്മയോഗം

- ദൈവ സന്ദേശം - മൂന്നാം അദ്ധ്യായം - 

അര്‍ജുന‍ന്‍ ചോദിക്കുന്നു
സത്യത്തെക്കുറിച്ചുള്ള അറിവാണ് സത്പ്രവൃത്തിയേക്കാ‍ള്‍ വലുതെന്ന് നീ പറയുന്നു. പിന്നെ എന്തിനാണ് എന്നെ ഇത്തരം ഭയങ്കര യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്.
നിന്‍റെ പലതരം വാക്കു കേട്ട് ഞാ‍ന്‍ ആകെ സംശയത്തിലാണ്. എനിക്ക് നല്ലത് ഏതാണെങ്കിലത് നിശ്ചയിച്ച് പറഞ്ഞു തരണം. അതിനാല്‍ എനിക്ക് ശ്രേയസ്സ് ഉണ്ടാവണം
ശ്രീ കൃഷ്ണ ഭഗവാന്‍ പറഞ്ഞു
ഞാന്‍ മുന്‍പു പറഞ്ഞ പോലെ ഇവിടെ മോചനത്തിനായുള്ള വഴി രണ്ടെണ്ണ മാണ്.
മനശ്ശുദ്ധി വന്നിട്ടുള്ളവര്‍ക്ക് സത്യത്തിന്‍റെ അറിവിലൂടെയും, മറ്റുള്ളവര്‍ക്ക് ആഗ്രഹങ്ങളൊഴിച്ചുള്ള പ്രവൃത്തിയിലൂടെയുമാണ് മോചനം
ക‍ര്‍മ്മ യോഗം എന്നത് ഒരു പ്രവൃത്തിയും ചെയ്യാതിരിക്കലല്ല, സന്ന്യാസം കൊണ്ടുമാത്രം അന്തിമമായ ലക്ഷ്യം കൈവരിക്കാനാവില്ല. കുറച്ചു നേരം പോലും ആരാലും വെറുതെ ഇരിക്കാനാവില്ല.
ജീവിക്കുന്നവരോരോരുത്തരും പ്രകൃതിയുടെ തള്ളല്‍ കാരണം ഓരോന്നു ചെയ്തുകൊണ്ടേ ഇരിക്കുന്നു.
പുറമേ ഉള്ള അവയവങ്ങളായ കണ്ണ് കാത് മുതലായവയെ അടക്കിയാലും മനസ്സ് അടക്കാതെ പലകാര്യങ്ങളും ആലോചിച്ചിരിക്കുന്നവനെ ഇല്ലാത്തതില്‍ മുഴുകുന്നവ‍ന്‍ എന്ന് പറയുന്നു.
ആരാണോ മനസ്സിനെ അടക്കി . പുറമേ ഉള്ള അവയവങ്ങളാല്‍ ഒന്നും ആഗ്രഹിക്കാതെ പ്രവൃത്തി ചെയ്യുന്നത് അവ‍ന്‍ വളരെ ഉയ‍ര്‍ന്നവനാകുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍ നീ ചെയ്യുകതന്നെ വേണം അതിനാ‍ല്‍ ഒരിക്കലും മോശം വരില്ല.
നല്ല കാര്യങ്ങള്‍ക്കുവേണ്ടി പ്രവ‍ര്‍ത്തിക്കാം.മറിച്ചായാല്‍ അവയി‍ല്‍ പെട്ട് നട്ടം തിരിയും.അതിനാല്‍ നന്നായി ആലോചിച്ചു മാത്രം പ്രവ‍ര്‍ത്തിക്കുക.
ജീവജീലങ്ങളേയും അവയുടെ പ്രവ‍ര്‍ത്തികളേയും ഉണ്ടാക്കിയിട്ട് ദൈവം പറഞ്ഞു, ഈ പ്രവൃത്തിയാല്‍ പുതിയത് എന്താ വേണ്ടതെന്നാലത് ഉണ്ടാക്കി കൊള്ളുക.
(ദേവന്മാരും) ഉള്ളവരും (മനുഷ്യന്മാരും) ഇല്ലാത്തവരും പരസ്പരം സഹായിച്ച് നന്മയെ വളര്‍ത്തുക.
പ്രവൃത്തിയിലൂടെ ഇഷ്ടപ്പെട്ട സുഖങ്ങള്‍ ലഭിക്കുന്നു. അപ്പോള്‍ ആ പ്രവൃത്തിക്ക് സഹായികളായ പ്രപഞ്ചത്തിലെ വിവിധ ശക്തി സ്രോതസ്സുകളായ ദേവന്മാര്‍ക്ക് ഒരു പങ്ക് ന‍ല്‍കിയിട്ട് സ്വയം ഭക്ഷിക്കുക.
പ്രവൃത്തിക്കുള്ള നല്ല സാഹചര്യങ്ങളും സഹായവും ചെയ്ത അവര്‍ക്ക് ഒരു പങ്ക് ന‍ല്‍കാതെ ഭക്ഷിക്കുന്നവന്‍ കള്ളനാണ്.
മറ്റുള്ളവര്‍ക്ക് പങ്കുവച്ച് ബാക്കി ഉള്ളതിനെ സ്വീകരിക്കുന്നവ‍ന്‍ എല്ലാ അഴുക്കില്‍ നിന്നും മോചിപ്പിക്കപ്പെടുന്നു.
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കിന്നവന്‍ പാപത്തെയാണ് കഴിക്കുന്നത്.
ഈ പ്രപഞ്ചം എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടെ ഇരിക്കുന്നു. ആ പ്രവര്‍ത്തനത്തിന്‍റെ ഫലമായി മഴ ഉണ്ടാവുന്നു.മഴകാരണം ജീവികള്‍ക്കുള്ള ചോറ് ലഭ്യമാവുന്നു. ഇതേ പോലെ ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതാണ്.
ഈ പ്രപഞ്ചത്തിന്‍റെ സ്വഭാവത്തെ അനുകരിക്കാത്തവ‍ന്‍ ജീവിക്കുന്നത് വെറുതെയാണ്.
സ്വയം തൃപ്തിപ്പെട്ട് , സ്വയം സന്തോഷിച്ച് സന്തുഷ്ടനായവന് ഒന്നും ചെയ്യാനില്ല.
അവനിവിടെ ചെയ്യേണ്ടതായും ചെയ്യരുതാത്തതായും ഒന്നുമില്ല.
അവന് മറ്റുള്ള ജീവികളുമായി ഒരു ബന്ധവുമില്ല.
അതിനാല്‍ ഒന്നിലും ഒട്ടിച്ചേരാതെ ത‍ന്‍റെ പ്രവൃത്തികള്‍ ചെയ്യുക.
ജനകരാജാവ് മുതലായ ശ്രേഷ്ഠര്‍ ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെയാണ് മോചനം നേടിയിട്ടുള്ളത്.
ജനങ്ങളുടെ നല്ലതിനു വേണ്ടിയുള്ള പ്രവൃത്തികള്‍ ഒഴിവാക്കരുത്. ചെയ്യുകതന്നെ വേണം.
സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ളവ‍ര്‍ എന്താണോ ‍‍ചെയ്യുന്നത് അതിനെ മറ്റുള്ള ജനത അനുകരിക്കുന്നു.
അവര്‍ എന്തൊക്കെ ശരിയാണെന്നു പറയുന്നുവോ , അതിനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു.
അര്‍ജുനാ എനിക്ക് മുന്‍പും ഇപ്പോഴും, ഇനിയും ഒന്നും ചെയ്യേണ്ടതായിട്ടില്ല. ലഭിക്കേണ്ടതായിട്ടും ഒന്നുമില്ല. ലഭിച്ചതായിട്ടും ഒന്നുമില്ല.എന്നാലും ഞാന്‍ പ്രവ‍ര്‍ത്തിക്കുന്നു.
ഇനി ഞാന്‍ പ്രവ‍ര്‍ത്തിക്കുന്നില്ലാ എന്നാലോ, എന്നെ മാതൃകയാക്കി ഒരാളും പ്രവര്‍ത്തിക്കില്ല.
ഞാന്‍ ഒന്നും ചെയ്തില്ലെങ്കി‍ല്‍ ഈ ജനത തങ്ങളുടെ ആചാരങ്ങ‍ള്‍ വിട്ട് ജീവിക്കും
അറിവില്ലാത്തവരുടെ ഇടയില്‍ കഴിയുന്ന അറിവുള്ളവ‍ര്‍ അവരുടെ നന്മയ്ക്കായി അവ‍ര്‍ക്കിടയില്‍ പ്രവ‍ര്‍ത്തിക്കണം. വളരെ പതുക്കെ അവരിലൊരാളായി അവരറിയാതെ അവരെ നന്നാക്കണം. പെട്ടെന്ന് മാറ്റങ്ങള്‍ വരുത്താ‍ന്‍ ശ്രമിക്കരുത്.
മറ്റുള്ളവരുടെ സത്പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കണം.
പ്രകൃതിയാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ അറിവില്ലാത്തവ‍ര്‍ അവനവന്‍ ചെയ്യുന്നതായി വിചാരിക്കുന്നു.
അറിവുള്ളവനാകട്ടെ പ്രവൃത്തികളുടെ പിന്നില്‍ പ്രകൃതിയുടെ ചോദനയാണ് എന്നറിയുന്നു.
പ്രകൃതിയുടെ ചോദനയെ പ്പറ്റി അറിയാതെ സാധാരണക്കാ‍ര്‍ പ്രവൃത്തികളില്‍ മുഴുകുന്നു.
എന്നാല്‍ അറിവുള്ളവ‍ര്‍ അത്തരക്കാരെ ബലമായി പ്രവൃത്തിയി‍ല്‍ നിന്നും അകറ്റന്‍ ശ്രമിക്കരുത്.
എന്നില്‍ എല്ലാ പ്രവ‍ര്‍ത്തനങ്ങളേയും സമര്‍പ്പിച്ച് സ്വന്തം അറിവെന്ന പ്രകാശം കൊണ്ട്, കാര്യങ്ങളിലുള്ള ആശയും , എന്‍റേത് എന്ന വിചാരവും ഭയവും വിട്ടുമാറി നീ നിന്‍റെ പ്രവൃത്തി ചെയ്യുക.
എന്‍റെ ഈ ഉപദേശം എല്ലായ്പോഴും അനുസരിക്കുന്നവ‍ന്‍ വളരെ ശ്രദ്ധയുള്ളവനും അസൂയ ഇല്ലാത്തവനുമായി മാറി മോചനം അടയുന്നു.
ഇനി ചിലരാകട്ടെ എന്‍റെ ഉപദേശത്തെ കുറ്റം പറഞ്ഞ് അനുസരിക്കാതെ ഇരിക്കുന്നുവോ , അവര്‍ പ്രകാശം ഇല്ലാത്തവരായി ഒന്നിനും കൊള്ളാത്തവരാവുന്നു.
അറിവുള്ളവര്‍ പോലും സ്വന്തം ഇഷ്ടങ്ങ‍ള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
വീണ്ടും വീണ്ടും തോന്നുന്ന ഇഷ്ടങ്ങളും , ഇഷ്ടക്കേടുകളും , അവയുടെ അവയവങ്ങള്‍ക്കുവേണ്ടിയാണ് നില നില്‍ക്കുന്നത്. എന്നാലവയുടെ പിടിയില്‍ പെടരുത്.ഇവര്‍ (ഈ ഇഷ്ടവും ഇഷ്ടക്കേടും) എപ്പോഴും ഒപ്പം ഇരിക്കുന്നവരുമാണ്.

സ്വന്തം ബുദ്ധിക്കും മനോഭാവത്തിനുമിണങ്ങുന്ന പ്രവൃത്തിയും വിശ്വാസവുമാണ് ഒരുവന് നല്ലത്.
മറ്റുള്ളവരുടെ പ്രവ‍ര്‍ത്തിയും വിശ്വാസവും തനിക്കിണങ്ങുന്നതല്ലാത്തവയാണെങ്കി‍ല്‍ പകര്‍ത്തുന്നത് നല്ലതല്ല.

അര്‍ജുന‍ന്‍ ചോദിക്കുന്നു
ആഗ്രഹമില്ലെങ്കിലും ഏതോ ബലത്താലെന്ന പോലെ ഞാ‍ന്‍ തെറ്റുക‍ള്‍ ചെയ്തു പോകുന്നു. എന്തു ചെയ്താലാണ് പാപം ഇല്ലാതാവുക.
ശ്രീ കൃഷ്ണ ഭഗവാന്‍ പറയുന്നു
അതിയായ ഇഷ്ടവും അതേപോലെ അതികമായ ഇഷ്ടക്കേടും ശരീരത്തിനുള്ളിലെ രജസ്സ് എന്ന സ്രോതസ്സില്‍ നിന്നും ഉണ്ടാവുന്നവയാണ്. ഇവ രണ്ടിനെയും ശത്രുക്കളെ പ്പോലെ കരുതണം
തീയ്ക്ക് പുക ഉള്ളതുപോലെ ആചരിക്കുന്ന തത്വങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ കുറവുകളുമുണ്ടാവും.
അറിവ് അറിവില്ലായ്മയാല്‍ വളയപ്പെട്ടിരിക്കുന്നു.
അതിയായ ഇഷ്ടത്താലും അതികമായ ഇഷ്ടമില്ലായ്മയാലും അറിവ് തടയപ്പെട്ടിരിക്കുന്നു.
അവയവങ്ങളും, മനസ്സും, ബുദ്ധിയും ഇവയുടെ താമസസ്ഥലങ്ങളാണ്. ഇവ അറിവിനെ മറിച്ച് ജീവനെ കഷ്ടപ്പെടുത്തുന്നു.
അതിനാല്‍ , അറിവുണ്ടാവണമെന്നുള്ള നീ, നിന്‍റെ അവയവങ്ങളെ ആദ്യം നിയന്ത്രിക്കുക.
എന്നിട്ട് സത്യ വസ്തുതകളെ മറയ്ക്കുന്ന , നശിപ്പിക്കുന്ന, ഈ പാപത്തെ നശിപ്പിക്കുക
ശരീരാവയവങ്ങളി‍ല്‍ അറിവിനെ ഉള്ളിലേക്കും പുറത്തേക്കും കടത്തിവിടുന്ന അവയവങ്ങളായ കണ്ണ് മുതലായവ ശക്തികൂടിയവയാണ്. അവയിലുമധികം ശക്തി മനസ്സിനാണ്. മനസ്സിനേക്കാള്‍ ബുദ്ധിക്കാണ് ബലമധികം.ബുദ്ധിയിലുമധികം ശക്തിയേറിയത് ആത്മബോധത്തിനാണ്.
ഇങ്ങനെ ബുദ്ധിയേക്കാള്‍ ബലമേറിയ സ്വന്തം ആത്മാവിനെ സ്വയം അറിഞ്ഞിട്ട് , അതിയായ ഇഷ്ടത്തിന്‍റെ രൂപത്തിലുള്ളതും അടക്കാ‍ന്‍ കഠിനമായതുമായ ശത്രുവിനെ കൊല്ലണം. സ്വയം നിയന്ത്രിച്ച് കൊല്ലണം.
-   ഓം - ഇങ്ങനെ എറ്റവും ആവശ്യമുള്ള പ്രവൃത്തിയുടെയും അതിലൂടെയുള്ള മോചനത്തിനെയും പ്രതിപാദിക്കുന്ന മൂന്നാം അദ്ധ്യായം അവസാനിച്ചു. ഓം

No comments:

Post a Comment